കോൽക്കത്ത: പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ പ്രതിഷേധക്കാരുടെ മുട്ടയേറ്. കൃഷ്ണനഗറിലെ ഒരു ഭക്ഷണശാലയിൽ പാർട്ടി പ്രവർത്തകരുമായി മഹുവ യോഗം ചേരുന്നതിനിടെയാണ് ഒരു കൂട്ടം ആളുകൾ കരിങ്കൊടികളുമായി എത്തി 'ഗോ ബാക്ക്' വിളികളോടെ അക്രമം അഴിച്ചുവിട്ടത്.
കെട്ടിടത്തിന് പുറത്തുനിന്നുള്ള ആൾക്കൂട്ടം ജനാലകൾക്ക് നേരെ മുട്ടയും വഴുതനങ്ങയും എറിയുകയായിരുന്നു. ഭക്ഷണശാലയുടെ മുകൾനിലയിൽ നിന്നും മഹുവ മൊയ്ത്ര തന്നെയാണ് ഈ ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടത്. ജനാലയിലൂടെ സാധനങ്ങൾ അകത്തേക്ക് വീഴാതിരിക്കാൻ കർട്ടൻ ഉപയോഗിച്ച് അവർ പ്രതിരോധിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
തനിക്കെതിരെ നടന്നത് സാധാരണക്കാരുടെ പ്രതിഷേധമല്ലെന്നും, ബിജെപി ആസൂത്രണം ചെയ്ത ഗുണ്ടാവിളയാട്ടമാണെന്നും മഹുവ ആരോപിച്ചു. സംഭവസ്ഥലത്ത് ഉണ്ടായിരുന്നിട്ടും അക്രമികളെ പിരിച്ചുവിടാൻ തയ്യാറാകാതെ പശ്ചിമ ബംഗാൾ പോലീസും സിആർപിഎഫും നോക്കുകുത്തികളായി നിൽക്കുകയായിരുന്നെന്നും മഹുവ കുറ്റപ്പെടുത്തി.